ന്യൂഡല്‍ഹി: പാര്‍ലമെന്റ് പുകയാക്രമണ കേസില്‍ രണ്ട് പ്രതികള്‍ക്ക് ജാമ്യം. നീലം ആസാദ്, മഹേഷ് കുമാവത്ത് എന്നിവർക്കാണ് ഡൽഹി ഹൈക്കോടതി ജാമ്യം അനുവദിച്ചത്.
ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദ്, ജസ്റ്റീസ് ഹരീഷ് വൈദ്യനാഥൻ ശങ്കർ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി. ഡല്‍ഹിയില്‍ തന്നെ തുടരണം, കേസുമായി ബന്ധപ്പെട്ടതൊന്നും മാധ്യമങ്ങളോട് സംസാരിക്കാന്‍ പാടില്ല എന്നതടക്കമുള്ള ഉപാധികളോടാണ് ജാമ്യം.
2023 ഡിസംബർ 13നായിരുന്നു പാർലമെന്റിൽ ശക്തമായ സുരക്ഷാവീഴ്ച ഉണ്ടായത്. ലോക്സഭ ചേർന്നുകൊണ്ടിരിക്കെ ഗാലറിയിൽ ഇരുന്ന രണ്ട് പേർ എംപിമാർ ഇരിക്കുന്ന സ്ഥലത്തേക്ക് ചാടുകയായിരുന്നു. അവർ സഭയിൽ മഞ്ഞ വാതകം പുറത്തുവിടുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തു. ഒടുവിൽ എംപിമാർ തന്നെയാണ് അക്രമികളെ കീഴ്പ്പെടുത്തിയത്.